ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധം കത്തുന്നു; ബംഗാളില്‍ 70 ഡോക്ടര്‍മാര്‍ രാജി വച്ചു; തിരുവനന്തപുരത്തും പ്രതിഷേധം

സമരം നടത്തുന്ന ഡോക്ടര്‍മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മമതാ ബാനര്‍ജി ചെയ്തത്.

കൊല്‍ക്കത്ത: നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശീലനത്തിനെത്തിയ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ബംഗാളിലെ 70-ഓളം ഡോക്ടര്‍മാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് രാജി വച്ചു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജിലെയും
നോര്‍ത്ത് ബംഗാളിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളെജിലേയും ഡോക്ടര്‍മാരാണ് രാജി വച്ചത്. റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം ഏറ്റ സംഭവത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ കൂട്ടരാജി.വിവാദ പരാമര്‍ശം പിന്‍വലിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത മാപ്പുപറയണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

കഴിഞ്ഞ തിങ്കളാഴ്ച പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. പ്രതിഷേധമറിയിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയുടെ പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുചേര്‍ന്നു. കൂടാതെ ആശുപത്രിയുടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു.

എന്നാല്‍ സമരം നടത്തുന്ന ഡോക്ടര്‍മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മമതാ ബാനര്‍ജി ചെയ്തത്. സമരം നടത്തുന്ന ഡോക്ടര്‍മാരോട് നാല് മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്ക് കയറണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നുമായിരുന്നു മമത പറഞ്ഞത്.

അതെസമയം ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടക, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമരം ഏറ്റെടുത്തിട്ടുണ്ട്.

Exit mobile version