ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി; അശാന്തമായി ബംഗാള്‍

സമതുളിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹത്തിന്റെ കുടുംബവും ബിജെപി നേതാക്കളും ആരോപിച്ചു.

കൊല്‍ക്കത്ത: സംഘര്‍ഷമൊഴിയാതെ വീണ്ടും ബംഗാള്‍. തുടരെയുള്ള സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ ബിജെപി പ്രവര്‍ത്തകനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ സമതുള്‍ ദോലുയിയുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ഹൗറയ്ക്ക് സമീപമുള്ള അമ്ത ഗ്രാമത്തിലെ പാടശേഖരത്തിന് സമീപുള്ള മരത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

സമതുളിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹത്തിന്റെ കുടുംബവും ബിജെപി നേതാക്കളും ആരോപിച്ചു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു സമതുള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സമതുള്‍ ആയിരുന്നു. പ്രദേശത്തു നടന്ന ജയ് ശ്രീ റാം റാലിയില്‍ പങ്കെടുത്തതിനു ശേഷം സമതുളിന് വധഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ സമതുളിന്റെ വീട് ഒരു സംഘമാളുകള്‍ തല്ലി തകര്‍ത്തതായി ബിജെപിയുടെ ഹൗറ(റൂറല്‍) അധ്യക്ഷന്‍ അനുപം മല്ലിക്ക് പറയുന്നു.

ഇതിനു മുന്‍പേ ആര്‍എസ്എസ് നേതാവായ സ്വദേശ് മന്നയെയും കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. അത്ചതാ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മന്നയുടെയും മൃതദേഹം കിടന്നിരുന്നത്. മന്നയുടെ മരണത്തിനു പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അനുപം മല്ലിക്ക് ആരോപിച്ചു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പുലക് റോയി ബിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ആര്‍ക്കും പങ്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Exit mobile version