കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതി രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന

രവി പൂജാരി കഴിഞ്ഞ ജനുവരി 21ന് ഒരു വഞ്ചനാക്കേസിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്.

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ മുഖ്യപ്രതിയും മുംബൈ അധോലോക കുറ്റവാളിയുമായ രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന. രവി പൂജാരി കഴിഞ്ഞ ജനുവരി 21ന് ഒരു വഞ്ചനാക്കേസിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്.

ആന്റണി എന്ന വ്യാജപ്പേരില്‍ ബാറും ഹോട്ടലും നടത്തിയിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി. എന്നാല്‍ അവിടുത്തെ വഞ്ചനാക്കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുളളത്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യസൂത്രകനായ രവി പൂജാരി നേരത്തെ ഒരു പ്രമുഖ മാധ്യമം വഴിയാണ് കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.

കര്‍ണാടക പോലീസുമായി ചേര്‍ന്ന് ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നതായി സംസ്ഥാന പോലീസ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. രാജ്യം വിടില്ലെന്ന ഉറപ്പിലായിരുന്ന രവി പൂജാരിക്ക് സെനഗലിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നതെന്നാണ് വിവരം. അവിടെ നിന്നാണ് അയാള്‍ മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ടത്.

Exit mobile version