‘തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ചായം പൂശിയ അയാളുടെ നീണ്ട നഖങ്ങള്‍’ ബോംബെ നഗരത്തിലെ ഓട്ടോ ഡ്രൈവറെ കുറിച്ച് പൂനം ഖിഞ്ചി, ഇത് ഹൃദയം തൊടുന്ന കഥ!

പലരും പലതും പറഞ്ഞ് ശല്യപ്പെടുത്താനും ആക്രമിക്കാനുമെല്ലാം വരാറുണ്ടെന്ന് മഞ്ജു പറഞ്ഞതായി പൂനം ഖിഞ്ചി കുറിച്ചു.

മുംബൈ: ‘തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ചായം പൂശിയ അയാളുടെ നീണ്ട നഖങ്ങള്‍’ ബോംബെ നഗരത്തിലെ ഓട്ടോ ഡ്രൈവറെ കുറിച്ച് പൂനം ഖിഞ്ചിയെന്ന യുവതി എഴുതിയ കുറിപ്പാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കുന്നത്. അവിചാരിതമായാണ് അവര്‍ ആ ഓട്ടോയില്‍ കയറിയതും ശേഷം ഡ്രൈവറുമായി സംസാരിച്ചതും. ഇത് വ്യത്യസ്തമായ അനുഭവമാണെന്ന് യുവതി കുറിക്കുന്നു.

‘ഇത്രയും നീളമുള്ള നഖങ്ങളോ’യെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി ‘ദീദീ, ഈദിനുള്ള ഒരുക്കത്തിലാണേ…’ എന്ന മധുരമുള്ള ശബ്ദം വന്നുവെന്ന് പൂനം ഖിഞ്ചി പറയുന്നു. ഒരു പുഞ്ചിരിയോടെ വീണ്ടും സംസാരം തുടര്‍ന്നതായി അവര്‍ കുറിച്ചു. മഞ്ജു എന്നാണവളുടെ പേര്. ട്രാന്‍സ്ജെന്‍ഡറാണ്. തന്റെ ആണ്‍ സുഹൃത്തിനൊപ്പമാണ് മഞ്ജു ജീവിക്കുന്നത്. മുമ്പ് ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അവിടെ മഞ്ജുവിന്റെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം വലിയ പ്രശ്നങ്ങളുണ്ടാക്കി.

തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പൂനം കുറിച്ചു. അതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി ബോംബെ നഗരത്തില്‍ ഓട്ടോ ഓടിച്ചാണ് മഞ്ജു കഴിയുന്നത്. എങ്കിലും രാത്രി 11 മണി കഴിഞ്ഞാല്‍ ഓട്ടോയുമായി പുറത്തിറങ്ങാന്‍ മഞ്ജുവിന് പേടിയാണ്. പലരും പലതും പറഞ്ഞ് ശല്യപ്പെടുത്താനും ആക്രമിക്കാനുമെല്ലാം വരാറുണ്ടെന്ന് മഞ്ജു പറഞ്ഞതായി പൂനം ഖിഞ്ചി കുറിച്ചു.

വ്യത്യസ്തമായ ഒരു ഓട്ടോക്കാരിയെ കണ്ടതിലെ സന്തോഷം, ചിത്രങ്ങള്‍ സഹിതം പൂനം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ട്രാന്‍സ്ജെന്‍ഡറായ ഒരു വ്യക്തിയുടെ ജീവിതം എത്രമാത്രം അനിശ്ചിതത്വങ്ങളും ദുരിതങ്ങളും നിറഞ്ഞതാണെന്ന് ലളിതമായി പൂനം കുറിച്ചിട്ടുണ്ട്. മുംബൈയിലെ തെരുവുകളിലൂടെ ജീവിതത്തോട് പോരാടിക്കൊണ്ട് മഞ്ജു ഓട്ടോ ഓടിക്കുന്നത് കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നുന്നുവെന്നും പൂനം പറയുന്നു.

Exit mobile version