രണ്ടര വയസുകാരിയുടെ കൊലപാതകം; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായാവതിയും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

അലിഗഢ്: അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായാവതിയും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച അലിഗഢിലെ ഒരു മാലിന്യക്കൂനയില്‍ നിന്നും തെരുവ് നായകള്‍ ഒരു കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ കടിച്ചു പറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്റെ കഥ പുറം ലോകമറിയുന്നത്. പോലീസ് അന്വേഷണത്തില്‍ മെയ് 30ന് പ്രദേശത്ത് നിന്നും കാണാതായ കുഞ്ഞിന്റേതാണ് മൃതദേഹം എന്ന് മനസിലായി.

കുട്ടിയുടെ മുത്തശ്ശനില്‍ നിന്നും കടം വാങ്ങിയ പതിനായിരം രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യംതീര്‍ക്കാന്‍ അയല്‍വാസികളായ രണ്ട് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് പിടികൂടി. സാഹിദ്, അസ്ലം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ നിന്ന് അരക്കിലോ മീറ്റര്‍ അകലെയാണ് ഇരു പ്രതികളും താമസിച്ചിരുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

അതേസമയം, കുട്ടി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സമൂഹ മാധ്യമങ്ങളില്‍ സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടു. 24 മണിക്കൂറില്‍ അരലക്ഷത്തിലേറെ ട്വീറ്റുകളാണ് കൊലപാതകത്തെ അപലപിച്ച് വന്നത്. അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version