കേരള എക്‌സ്പ്രസിലെ എസി തകരാര്‍; റെയില്‍വേ മന്ത്രി ഇടപെട്ടു; യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

വിജയവാഡ: കേരള എക്‌സ്പ്രസ് ട്രെയിനില്‍ എസി തകരാര്‍ ആയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി ഇടപ്പെട്ടു. ട്രെയിനിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവക്കാരെത്തി. യാത്രക്കാരുടെ പ്രതിഷേധം കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ റെയില്‍ മന്ത്രി പിയൂഷ് ഗോയലിനെ അറിയച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുണ്ടായത്. പ്രശ്‌ന പരിഹാരത്തിന് ജീവനക്കാര്‍ എത്തിയതോടെ യാത്രക്കാര്‍ സമരം അവസാനിപ്പിച്ചു.

കേരള എക്‌സ്പ്രസ് ട്രെയിനാണ് എസി തകരാര്‍ ആയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിജയവാഡയില്‍ തടഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ട്രെയിനിലെ ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത്.

12626 നമ്പര്‍ കേരള എക്‌സ്പ്രസിന്റെ ബി 1 കോച്ചിലെ ഏസിയാണ് പ്രവര്‍ത്തനരഹിതമായത്. യാത്ര തുടങ്ങിയപ്പോള്‍ തന്നെ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതിരുന്നതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ത്സാന്‍സിയില്‍ വച്ച് പ്രശ്‌നം താത്കാലികമായി പരിഹരിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഏസി പ്രവര്‍ത്തനരഹിതമായി.

വീണ്ടും പരാതി പറഞ്ഞ യാത്രക്കാരൊട് വിജയവാഡയില്‍ വച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അവിടെ എത്തിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവാതെ ഇരുന്നതോടെയാണ് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ തടഞ്ഞത്. ട്രെയിന്‍ നിര്‍ത്തിച്ച യാത്രക്കാര്‍ പിന്നീട് എന്‍ജിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Exit mobile version