പരീക്ഷയുടെ ആദ്യ ഫലം വന്നപ്പോള്‍ തോറ്റു, മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി; പക്ഷേ, പുനര്‍മൂല്യ നിര്‍ണയത്തില്‍ വിജയം!

തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ പെണ്‍കുട്ടിക്ക് തെലുങ്കുവിന് കിട്ടിയ മാര്‍ക്ക് 100-ല്‍ 20 ആയിരുന്നു.

ഹൈദരാബാദ്: പരീക്ഷയില്‍ പരാജയപ്പെട്ടെന്ന ധാരണയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആദ്യ ഫലം പുറത്ത് വന്നപ്പോള്‍ തോറ്റുവെന്ന് കരുതി ജീവനൊടുക്കിയത്. പരീക്ഷാ ബോര്‍ഡ് ആണ് പെണ്‍കുട്ടി ജയിച്ചതായി അറിയിച്ചത്.

തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ പെണ്‍കുട്ടിക്ക് തെലുങ്കുവിന് കിട്ടിയ മാര്‍ക്ക് 100-ല്‍ 20 ആയിരുന്നു. പരാജയപ്പെട്ടതിന്റെ വിഷമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലത്തില്‍ 48 മാര്‍ക്കോടെ വിദ്യാര്‍ത്ഥിനി വിജയിക്കുകയായിരുന്നു. അതേസമയം പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്.

ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കൂട്ടിയതിലും ബോര്‍ഡിന് പിഴവ് സംഭവിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ രംഗത്തെത്തിയിരുന്നു. പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ പരാജയപ്പെട്ട 26 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്.

Exit mobile version