കൂലിപ്പണി എടുത്തും പച്ചക്കറി വിറ്റും ഈ അമ്മ രണ്ട് മക്കളെ ആക്കിയത് ഡോക്ടര്‍! മൂന്നു പേര്‍ റാങ്കുകാര്‍; സുമിത്രയുടെ ഈ പോരാട്ട വിജയം പരിഹസിച്ചവര്‍ക്കുള്ള മധുരപ്രതികാരം

മൂത്തമകളാണ് എംബിബിഎസ് പൂര്‍ത്തിയാക്കി, ഡോക്ടറായത്. രണ്ടാമത്തെ മകള്‍ എംബിബിഎസിന് പഠിക്കുകയാണ്.

ലഖ്‌നൗ: ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധി വന്നാലും നാം സ്വന്തം മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കുവാന്‍ ആണ് ശ്രമിക്കുക. എല്ലാ മാതാപിതാക്കളും അത്തരത്തില്‍ ചിന്തിക്കുന്നവരാണ്. കൂലിപ്പണി എടുത്തായാലും മക്കളെ ഒരു കരയ്‌ക്കെത്തിക്കുവാനാണ് ശ്രമം നടത്തുക. അത്തരത്തില്‍ ചോരനീരാക്കിയ ഒരു അമ്മയുടെ വിജയമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. കൂലിപ്പണി എടുത്തും ഹോട്ടലുകളില്‍ വെള്ളം കോരിയും പച്ചക്കറി വിറ്റുമാണ് ഈ അമ്മ സ്വന്തം മക്കളെ പഠിപ്പിച്ചത്. അവരില്‍ രണ്ട് പേര്‍ ഇന്ന് ഡോക്ടറാണ്. മൂന്നു പേര്‍ റാങ്കുകാരും.

ഉത്തര്‍പ്രദേശിലെ ഹമീര്‍പ്പൂര്‍ ജില്ലയിലുള്ള മൌദഹ ഗ്രാമത്തിലെ സുമിത്ര അമ്മയാണ് തന്റെ അഞ്ച് മക്കളെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിക്കാന്‍ ചോര നീരാക്കിയത്. മൂന്നു പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. സൈക്കിള്‍ റിക്ഷ ഓടിച്ചാണ് ഭര്‍ത്താവ് കുടുംബം നോക്കിയിരുന്നത്. എന്നാല്‍ 12 വര്‍ഷം മുന്‍പ് ക്ഷയ രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആ ദരിദ്രകുടുംബം തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയിലുമായി. സുമിത്രയുടെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നില്‍ ജീവിതം ചോദ്യചിഹ്നമായി നിന്നു.

‘നീ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാ. നിന്റെ മക്കളാരും ഡോക്ടര്‍മാരോ എന്‍ജിനീയര്‍മാരോ ആകാന്‍ പോകുന്നില്ല’ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ജോലിക്കു നില്‍ക്കുന്ന വീട്ടിലുള്ളവരുടേയും ഒക്കെയുള്ള പരിഹാസങ്ങളില്‍ നിന്നാണ് മക്കളെ നല്ല നിലയില്‍ എത്തിക്കണമെന്ന വാശി ഉയര്‍ന്നത്. അതിനായി രാപ്പകല്‍ അധ്വാനത്തിന് ഇറങ്ങി, അന്ന് പരിഹസിച്ചവരെ കൊണ്ട് തിരുത്തി പറയിപ്പിക്കാന്‍ ഒരു കാലം വരുമെന്നും ഈ അമ്മ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഇന്ന് അതുപോലെ സംഭവിച്ചിരിക്കുന്നു. ഈ അമ്മയെ കാല് തൊട്ട് വന്ദിക്കണമെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അമ്മ എന്നതിന് മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ മറ്റാരും ഇല്ലെന്നാണ് സോഷ്യല്‍മീഡിയയുടെ പക്ഷം.

മൂത്തമകളാണ് എംബിബിഎസ് പൂര്‍ത്തിയാക്കി ഡോക്ടറായത്. രണ്ടാമത്തെ മകള്‍ എംബിബിഎസിന് പഠിക്കുകയാണ്. പഠനത്തില്‍ മറ്റു മൂന്നുപേരും ഒന്നാമതാണ്, കൂടാതെ റാങ്ക് ജേതാക്കളും. മകള്‍ക്ക് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ സുമിത്ര ആദ്യമൊന്ന് പകച്ചു, പിന്നീട് പരിഹാസങ്ങള്‍ വീണ്ടും മനസില്‍ ഉയര്‍ന്നപ്പോള്‍ മനശക്തി വീണ്ടെടുത്തു. കൈയ്യിലുണ്ടായിരുന്ന 2000 രൂപാ മുടക്കി, വീടനടുത്തുള്ള റോഡുവക്കില്‍, ഒരു താല്‍ക്കാലിക പ്ലാസ്റ്റിക് മേല്‍ക്കൂര കെട്ടി അവര്‍ പച്ചക്കറി വ്യാപാരം തുടങ്ങി. സ്‌കൂള്‍ വിട്ടുവന്നാല്‍ മക്കളും അമ്മയോടൊപ്പം കൂടും. രാപ്പകല്‍ അധ്വാനിക്കുന്ന അമ്മയെ സഹായിക്കാന്‍ ആ മക്കളും മറക്കാറില്ല, അമ്മയുടെ ആഗ്രഹം സഫലമാക്കുവാന്‍ പഠനവും മറക്കില്ല.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പലതവണ കട എടുത്തുമാറ്റാന്‍ വന്നെങ്കിലും മക്കളെ വളര്‍ത്താന്‍ മറ്റു മാര്‍ഗമില്ലെന്ന സുമിത്രയുടെ യാചന കേട്ട് അവരുടെ മനസലിയുകയായിരുന്നു. ഒരു ദിവസം 300 മുതല്‍ 500 രൂപ വരെ ലാഭം കിട്ടാന്‍ തുടങ്ങി. അനിതയുടെ പഠിത്തം തുടര്‍ന്നു. ഇതിനിടെ പ്ലസ് 2 പാസായ രണ്ടാമത്തെ മകള്‍ സുനിതയും അതേ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടി. മതിയായ ചികിത്സ കിട്ടാതെയാണ് സുമിത്രയുടെ ഭര്‍ത്താവ് മരിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നു മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ നിര്‍ദേശമുണ്ടായിട്ടും കൈയ്യില്‍ പണമില്ലാത്തതിനാല്‍ അതു സാധ്യമായില്ല. അച്ഛന്റെ സമീപത്ത് അമ്മ നിസ്സഹായയായി നില്‍ക്കുന്നതിന് അനിത സാക്ഷിയായിരുന്നു. ഇതാണ് ഡോക്ടര്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് വഴിവെച്ചത്. ”അമ്മേ, ഞാന്‍ പഠിച്ചു വലുതായി ഒരു ഡോക്ടറാകും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കും. ഉറപ്പ്”. ഇത് അനിത അമ്മയ്ക്ക് നല്‍കിയ വാക്കായിരുന്നു.

Exit mobile version