ഐആര്‍സിടിസി നിറയെ അശ്ലീല പരസ്യമെന്ന് യുവാവിന്റെ പരാതി; ഉപയോക്താക്കളെ മനസിലാക്കി വരുന്നതാണെന്ന് റെയില്‍വേയുടെ മറുപടി, ബ്രൗസിംഗ് ഹിസ്റ്ററി ക്ലീന്‍ ചെയ്താല്‍ മതിയാവും എന്ന് ഉപദേശവും!

ഇത്തരം പരസ്യങ്ങള്‍ കാണുന്നത് വളരെ നാണക്കേടും അസ്വസ്തതയുണ്ടാക്കുന്നതാണെന്ന് സ്‌ക്രീന്‍ ഷോട്ട് അടക്കം ഉള്‍പ്പെടുത്തിയാണ് യുവാവിന്റെ പരാതി.

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു യുവാവിന്റെ പരാതിയും തുടര്‍ന്നുള്ള റെയില്‍വേയുടെ മറുപടിയുമാണ്. താന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ വരുന്നത് അശ്ലീല പരസ്യങ്ങള്‍ ആണല്ലോ എന്ന് പറഞ്ഞാണ് യുവാവ് ട്വീറ്റ് ചെയ്തത്. കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ മന്ത്രാലയം, ഐആര്‍സിസിടി ഔദ്യോഗിക അക്കൗണ്ട് എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ പരാതി.

ഇത്തരം പരസ്യങ്ങള്‍ കാണുന്നത് വളരെ നാണക്കേടും അസ്വസ്തതയുണ്ടാക്കുന്നതാണെന്ന് സ്‌ക്രീന്‍ ഷോട്ട് അടക്കം ഉള്‍പ്പെടുത്തിയാണ് യുവാവിന്റെ പരാതി. ഇതോടെ മറുപടിയുമായി റെയില്‍വേ രംഗത്തെത്തി. പക്ഷേ യുവാവിന്റെ പൗരബോധം പരാതിക്കാരന് തിരിച്ചടിയാകുന്ന തലത്തിലാണ് മറുപടി എത്തിയത്. ‘ഐആര്‍സിടിസി പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സേവനമായ ADX ആണ്. ഈ പരസ്യങ്ങള്‍ ഉപയോക്താക്കളെ മനസിലാക്കിയുള്ള കുക്കികള്‍ ഉപയോഗിച്ച് പ്രത്യക്ഷപ്പെടുന്നതാണ്. അത് നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നത്.

നിങ്ങള്‍ ഏത് കാര്യമാണോ കൂടുതല്‍ തിരയുന്നത് അത് സംബന്ധിച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. ദയവായി നിങ്ങളുടെ ബ്രൗസര്‍ കുക്കികള്‍ ക്ലിയര്‍ ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ഇത്തരം ആഡുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാം.’ റെയില്‍വേ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. പരാതിയും മറുപടിയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘നിനക്ക് എന്തിന്റെ കേടായിരുന്നു..’ എന്നാണ് സമൂഹമാധ്യമങ്ങളും ആരാഞ്ഞത്. സംഭവം ഏതായാലും ചിരി പടര്‍ത്തി മുന്നേറുകയാണ്.

Exit mobile version