രണ്ട് ശരീരം ഒരു ഹൃദയം; ഒടുവില്‍ അവരെ വേര്‍പ്പെടുത്തി, പക്ഷേ ജീവന്‍ തുടിച്ചത് ഒരാളില്‍ മാത്രം! ഒരു കുഞ്ഞിനെയെങ്കിലും ജീവനോടെ നല്‍കിയതിന് കണ്ണീരോടെ നന്ദി പറഞ്ഞ് പിതാവ്

ബംഗളൂരു നാരായണ ഹെല്‍ത്ത് സെന്ററില്‍ നടന്ന സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് സയാമാസ് ഇരട്ടകളെ വേര്‍പ്പെടുത്താനായത്.

ബംഗളൂരു: രണ്ട് ശരീരവും ഒരു ഹൃദയവുമായി പിറന്ന സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തി. മൗറീഷ്യസില്‍ നിന്നുള്ള നവജാത സയാമിസ് ഇരട്ടകളെ ഇന്ത്യയിലെത്തിച്ചാണ് വേര്‍പ്പെടുത്തിയത്. എന്നാല്‍ തിരികെ മടങ്ങിയത് രണ്ടില്‍ ഒരാള്‍ മാത്രമാണ്. ‘ഒരു കുഞ്ഞിനെയെങ്കിലും ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചതിനു നന്ദി’ നിറകണ്ണുകളോടെ പിതാവായ ഇയാന്‍ പാപ്പിലോണിന് ഇത് മാത്രമാണ് പറയാനുണ്ടായിരുന്നത്.

ബംഗളൂരു നാരായണ ഹെല്‍ത്ത് സെന്ററില്‍ നടന്ന സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനായത്. ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരം പൂര്‍ണ്ണമായും നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നുമാസം മുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമിസ് ഇരട്ടകളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്. മൗറീഷ്യസില്‍ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ വിദേശത്ത് കൊണ്ടുപോകണമെന്ന് അവിടത്തെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതോടെയാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മൗറീഷ്യസ് സര്‍ക്കാര്‍ ചിന്തിച്ചത്.

തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ പല ആശുപത്രികളെയും സമീപിച്ചു. അനകൂലമായ പ്രതികരണമായിരുന്നില്ല എവിടെ നിന്നും. തുടര്‍ന്നാണ് ഇവര്‍ കുഞ്ഞുങ്ങളെയും കൂട്ടി ബംഗളൂരുവിലെത്തിയത്. സാധാരണ നവജാതശിശുക്കളുടേതിനെക്കാള്‍ ദുര്‍ബലമായ ഒറ്റഹൃദയമാണ് സയാമീസ് ഇരട്ടകള്‍ക്കുണ്ടായിരുന്നത്. ഇതോടെ ചികിത്സ കൂടുതല്‍ സങ്കീര്‍ണത്തിന് വഴിവെച്ചു.

ഒറ്റഹൃദയം മാത്രമുള്ളതിനാല്‍ ഒരു കുഞ്ഞിനെമാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് മാതാപിതാക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഒന്നിലധികം ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 11-നാണ് ആദ്യഘട്ട ശസ്ത്രക്രിയ നടന്നത്. ഹൃദയത്തില്‍ ‘സ്റ്റെന്റ്’ ഘടിപ്പിക്കുകയും ചെയ്തു. നവജാതശിശുക്കളില്‍ ‘സ്റ്റെന്റ്’ ഘടിപ്പിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മാര്‍ച്ച് 11-നുനടന്ന ശസ്ത്രക്രിയയിലാണ് ഒരു കുഞ്ഞില്‍നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരം വേര്‍പെടുത്തിയത്.

രണ്ടുമാസത്തോളം നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ മാസം 31-ന് മൗറീഷ്യസ് എയര്‍ലൈന്‍സിന്റെ, പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ കുഞ്ഞിനെ നാട്ടിലെത്തിക്കാനാണ് തീരുമാനം. മൗറീഷ്യസ് സര്‍ക്കാരാണ് ചികിത്സയുടെ ചെലവ് വഹിച്ചത്.

Exit mobile version