അനുരാഗ് കശ്യപിന്റെ മകളെ ഭീഷണിപ്പെടുത്തയവര്‍ക്കെതിരെ കേസ്

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസ്. മകളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ സംവിധായകന്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് എടുത്തത്. ഐപിസി സെക്ഷന്‍ 504, 509 പ്രകാരവും ഐടി ആക്ട് 67 പ്രകാരവുമാണ് കേസെടുത്തത്.

ബോളിവുഡ് താരങ്ങളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തിയാണ് അനുരാഗ് കശ്യപ്. അതേ സമയം അവ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്ത സംവിധായകനും കൂടിയാണ്.
ഇക്കുറി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വാര്‍ത്തയായിരുന്നു. മോഡിയെ അഭിനന്ദിക്കുന്നതോടൊപ്പം തന്റെ മകള്‍ക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തെ എങ്ങനെ നേരിടണമെന്നും സംവിധായകന്‍ ട്വീറ്റിലൂടെ ചോദിച്ചിരുന്നു. തന്റെ മകള്‍ക്കെതിരെ ഭീഷണി സ്വരങ്ങള്‍ മുഴക്കിയാണ് മോഡിയുടെ അണികള്‍ വിജയമാഘോഷിക്കുന്നതെന്നും അവരെ എങ്ങനെ നേരിടണമെന്ന് തനിക്ക് പറഞ്ഞു തരണമെന്നും അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിരുന്നു.

മകളെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ അനുരാഗ് കശ്യപ് മുംബൈ പോലീസിനും സര്‍ക്കാറിനും നന്ദി അറിയിച്ചു. ഒരു അച്ഛനന്ന നിലയില്‍ തനിക്കിപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version