എംപി എന്തിന് പോലീസുകാരന് വോട്ട് നല്‍കി…? വൈറലാകുന്ന ഈ ചിത്രത്തിനു പറയാനുള്ള ആ കൗതുകം നിറഞ്ഞ കഥ ഇങ്ങനെ

ഇപ്പോള്‍ എംപിയായ മാധവ് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു.

ഹൈദരാബാദ്: ഒരു എംപി എന്തിനാണ് പോലീസുകാരന് സല്യൂട്ട് നല്‍കുന്നത്…? ഒരു ചിത്രവുമായി സൈബര്‍ ലോകം ചോദിക്കുന്ന ചോദ്യമാണ് ഇത്. സംഭവത്തിനു പിന്നില്‍ കൗതുകം നിറഞ്ഞ ഒരു കഥ തന്നെയുണ്ട്. സാധാരണ തെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായി വന്നാല്‍ എത്ര വലിയ ഉദ്യോഗസ്ഥനായാലും നേതാവിന് സല്യൂട്ട് നല്‍കിയേ മതിയാവൂ. ആ ചരിത്രമാണ് ഇവിടെ തിരുത്തി കുറിക്കപ്പെട്ടത്.

ആന്ധ്രാപ്രദേശിലെ ആനന്ദാപൂര്‍ ജില്ലയിലെ ഹിന്ദുപുരില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഗൊരാന്ദ്‌ല മാധവാണ് പോലീസുകാരന് സല്യൂട്ട് നല്‍കിയത്. ടിഡിപിയുടെ കുത്തക മണ്ഡലത്തില്‍ സിറ്റിങ് എംപിയായ കൃസ്തപ്പ നിമ്മലയെ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഎസ്ആര്‍സിപി ടിക്കറ്റില്‍ മത്സരിച്ച മാധവ് തോല്‍പ്പിച്ചത്.

ഇപ്പോള്‍ എംപിയായ മാധവ് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. ജോലി രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയതും, സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും. കാക്കി വേഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു. ഇപ്പോള്‍ കദര്‍ അണിഞ്ഞപ്പോള്‍ അതിനേക്കാള്‍ പ്രിയം. ആ ഇഷ്ടം തന്നെയാണ് അദ്ദേഹത്തെ എംപിയാക്കിയത്.

വോട്ടെണ്ണല്‍ ദിവസം വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ച് കൗണ്ടിങ് സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോഴാണ് പോലീസില്‍ തന്റെ മുന്‍ മേധാവികളില്‍ ഒരാളായ ഡിവൈഎസ്പി മഹ്ബൂബ് ബാഷയെ കണ്ടത്. ഉടനെ തന്നെ നേതാവ് ഒരു സല്യൂട്ട് അങ്ങ് അടിക്കുകയായിരുന്നു. ആദ്യം അമ്പരന്ന ഡിവൈഎസ്പി തിരിച്ചും കൊടുത്തു തികഞ്ഞ ആദരവോടെ ഒരു സല്യൂട്ട്.

സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം വ്യാപകമായതോടെ ഈ എംപിക്ക് ജനകീയത ഏറുകയാണ്. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് മാധവ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മാധവിന്റെ രാജി ആദ്യം പോലീസ് സേന സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെട്ടാണ് മാധവിന് മല്‍സരിക്കാന്‍ അവസരമൊരുക്കിയത്.

Exit mobile version