ആറുമാസം മുമ്പ് ജോലി അന്വേഷിച്ചു നടന്നു; ഇപ്പോള്‍ വനിതാ എംപി! ലോക്‌സഭയിലേയ്ക്ക് ഇതാദ്യമായി ഒരു 25കാരി! ചരിത്ര മുഹൂര്‍ത്തം

ഓം പ്രകാശ് ചൗതാലയുടെ പേരമകന്‍ ദുഷ്യന്ത് ചൗതാലയുടെ പേരിലായിരുന്നു ആദ്യം ഈ റെക്കോര്‍ഡ്. ശേഷമാണ് അതെല്ലാം ഭേദിച്ച് ചന്ദ്രാണി ആ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഭുവനേശ്വര്‍: 17-ാം ലോക്‌സഭയിലേയ്ക്ക് ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ആദിവാസി യുവതിയായ ചന്ദ്രാണി മുര്‍മു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു 25കാരി ലോക്‌സഭയുടെ പടികള്‍ കയറിയത്. ബിജെഡി ടിക്കറ്റിലാണ് ചന്ദ്രാണി മത്സരിച്ചത്. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബിജെപിയുടെ സിറ്റിങ് എംപി അനന്തനായകിനെ അറുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്‌സഭയിലെത്തുന്നത്.

ഓം പ്രകാശ് ചൗതാലയുടെ പേരമകന്‍ ദുഷ്യന്ത് ചൗതാലയുടെ പേരിലായിരുന്നു ആദ്യം ഈ റെക്കോര്‍ഡ്. ശേഷമാണ് അതെല്ലാം ഭേദിച്ച് ചന്ദ്രാണി ആ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങിയ ഇവര്‍ ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ചന്ദ്രാണി രാഷ്ട്രീയത്തിലേയ്ക്ക് എത്തിയത്. ബാങ്ക് ജോലിയോ സര്‍ക്കാര്‍ ജോലിയോ മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ ചെയ്യുന്നതിനിടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് എത്തിപ്പെട്ടത്.

2014 ലോക്‌സഭയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ചന്ദ്രാണിയുടെ ജീവിതം വഴിമാറുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ വീക്ഷണവുമുള്ള യുവതികളെയാണ് പാര്‍ട്ടി അന്വേഷിച്ചത്. അങ്ങനെയുള്ള അന്വേഷണത്തിലാണ് ചന്ദ്രാണിക്ക് നറുക്ക് വീണത്. പാര്‍ട്ടിയുടെ ആ തീരുമാനം ശരിവെച്ചുകൊണ്ടായിരുന്നു ചന്ദ്രാണിയുടെ ഉന്നത വിജയം.

ചന്ദ്രാണിയുടെ അമ്മയുടെ അച്ഛന്‍ മുമ്പ് എംപിയായിരുന്നു. എന്നാല്‍, മറ്റ് ബന്ധുക്കളോ കുടുംബങ്ങളോ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. 2017ല്‍ ബിടെക് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ചന്ദ്രാണിക്ക് ജോലിയുണ്ടായിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയം തന്റെ വഴിയായി തെരഞ്ഞെടുത്തുവെന്നും തന്റെ വിഭാഗത്തിന്റെ വികസനത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും ചന്ദ്രാണി മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version