അസഹനീയ വയറുവേദനയ്ക്ക് ചികിത്സ തേടി; യുവാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് കത്തി, സ്പൂണുകള്‍, ബ്രഷ് സ്‌ക്രൂ ഡ്രൈവറുകള്‍! അമ്പരന്ന് ഡോക്ടര്‍മാര്‍

ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് യുവാവ് ചികിത്സ തേടിയെത്തിയത്.

മണ്ഡി: അസഹനീയ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് വിവിധ വസ്തുക്കള്‍. കത്തി ഉള്‍പ്പടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. ശേഷം വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷുകള്‍, ഒരു കത്തി എന്നിവയാണ്. ആമാശയത്തില്‍ നിന്നുമാണ് ഇവ നീക്കം ചെയ്തത്.

ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് യുവാവ് ചികിത്സ തേടിയെത്തിയത്. വയറ്റില്‍ വീക്കമുണ്ടായതിനെ തുടര്‍ന്ന് സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ കരണ്‍ സിങിന്റെ വയറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ വിവിധ വസ്തുക്കളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത് മൂന്നംഗ സംഘ ഡോക്ടര്‍മാര്‍ ആണ്. അപൂര്‍വമായ സംഭവമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിപ്പോള്‍ അപകടനില തരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Exit mobile version