ഈ നേട്ടം ഇന്ത്യയുടെ വിജയം, ശക്തമായ രാജ്യം നിര്‍മ്മിക്കും; വിജയം നേടിയതിനു പിന്നാലെയുള്ള മോഡിയുടെ ആദ്യപ്രതികരണം

അതേസമയം മോഡിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കൊയ്തതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് ആദ്യ പ്രതികരണം അറിയിച്ചത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച നേട്ടം ഇന്ത്യയുടെ വിജയമാണെന്നാണ് മോഡി കുറിച്ചത്.

ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒന്നിച്ച് വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറയുന്നുണ്ട്. ജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു മോഡിയുടെ പ്രതികരണം എത്തിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുമായിട്ടാണ് ഇത്തവണ മോഡി ഭരണത്തിലേറുന്നത്. ബിജെപി 299 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014 ല്‍ 282 സീറ്റിലാണ് ബിജെപി വിജയിച്ചത്. അതേസമയം മോഡിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുള്ള ഒരുക്കങ്ങളും മറ്റും ആരംഭിച്ചു കഴിഞ്ഞു.

ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇനിയെന്തൊക്കെ നടപടികള്‍ വേണമെന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മോഡി വൈകിട്ട് അഞ്ചരയോടെ ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറ് മണിയോടെ മോഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25-ന് ഡല്‍ഹിയിലെത്താന്‍ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version