പുരുഷ കമ്മീഷന്‍ വേണം! മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി തെരുവിലിറങ്ങി പ്രതിഷേധം

രാജ്യത്ത് മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ഖ ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ഖ ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മീ ടൂവിന്റെ പേരില്‍ നിരവധി പുരുഷന്‍മാര്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ബര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസംഘടന തെരുവിലിറങ്ങിയത് പ്രതിഷേധിച്ചത്.

ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് മുതല്‍ രാജ്പഥ് വരെയുള്ള മേഖലയിലാണ് ഇവര്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഞാനൊരു പുരുഷനാണ്, എനിക്ക് അഭിമാനത്തോടെ ജീവിക്കണം. കുറ്റകൃത്യത്തിന് ലിംഗഭേദമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ പ്രതിഷേധത്തിനിറങ്ങിയത്.

വനിതാ കമ്മീഷനു സമാനമായി പുരുഷന്മാര്‍ക്കും കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ രണ്ട് പ്രതിഷേധങ്ങളാണ് ഇവര്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ സംഘടിപ്പിച്ചത്.

ഇനി പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് അവരുടെ തീരുമാനം. അതിനാല്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബര്‍ഖ പറഞ്ഞു. ജാമ്യത്തിലിറങ്ങിയിട്ടുള്ള നടന്‍ കരണ്‍ ഒബ്റോയിയെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. കരണിനു സംഭവിച്ചതു നാളെ നിങ്ങള്‍ക്കും നിങ്ങളുടെ പിതാവിനും സഹോദരനും മകനും സംഭവിക്കാമെന്ന് ബര്‍ഖ പറഞ്ഞു.

മുംബൈ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കരണ്‍ നിരപരാധിയാണെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ സഹോദരി ഗുര്‍ബാനി എബ്റോയും നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന കരണ്‍ അച്ചടക്ക ജീവിതം തുടരുന്ന വ്യക്തിയാണ്. സ്ത്രീകളോടു ശബ്ദമുയര്‍ത്തിപ്പോലും സംസാരിക്കാത്ത കരണിനെതിരേ വന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു നടന്‍ സുധാംശു പാണ്ഡെയും അഭിപ്രായപ്പെട്ടിരുന്നു. പുരുഷ കമ്മീഷന്‍ വന്നുകഴിഞ്ഞാല്‍ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമാകുമെന്നും ബര്‍ഖ അഭിപ്രായപ്പെട്ടു.

Exit mobile version