ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ടത്തിലും സംഘര്‍ഷമൊഴിയാതെ ബംഗാള്‍; ബൂത്തിന് നേരെ ബോംബേറും ഏറ്റുമുട്ടലും

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോളിങ് ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി.

തൃണമൂല്‍ പ്രവര്‍ത്തകര്‍ നൂറുപേരെ വോട്ട് ചെയ്യാന്‍ അനുദവിച്ചില്ല എന്ന് ആരോപിച്ച്
ബാസിര്‍ഹട്ടില്‍ 189ാം നമ്പര്‍ പോളിങ് സ്‌റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബാസിര്‍ഹട്ടില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു.

ജാദവ്പൂരില്‍ ബിജപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്റെ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ജാദവ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അനുപം ഹസ്‌റ രംഗത്ത് വന്നു. ബൂത്തുകളെല്ലാം തൃണമൂല്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നും അനുപം ഹസ്‌റ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് ബംഗാളിലെ 9 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version