അവസാനഘട്ട വോട്ടെടുപ്പ് നാളെ; പ്രാര്‍ത്ഥനയില്‍ മുഴുകി പ്രധാനമന്ത്രി, ക്ഷേത്രദര്‍ശനത്തിനായി കേദാര്‍നാഥിലെത്തി

മോഡിയുടെ താമസസൗകര്യം അടക്കമുള്ളവ എല്ലാം ഒരുക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പിനായി രാജ്യം ഒരുങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ്. ക്ഷേത്രദര്‍ശനത്തിനായി അദ്ദേഹം ഇപ്പോള്‍ കേദാര്‍നാഥില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോഡി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. ഇതിനു പിന്നാലെ തന്നെ ഫലവും പുറത്ത് വരുന്നതാണ്.

ഈ സാഹചര്യം നിലനില്‍ക്കെയാണ് മോഡി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നത്. കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി നാളെ ബദരിനാഥിലേക്ക് പോകും. നാളെ സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ മോഡി ബദരിനാഥില്‍ ക്ഷേത്ര ദര്‍ശനത്തിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.

മോഡിയുടെ താമസസൗകര്യം അടക്കമുള്ളവ എല്ലാം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം അദ്ദേഹത്തെ അവിടെ നിന്നും മാറ്റുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോഡിക്ക് ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യങ്ങള്‍ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version