ഇനിയും വോട്ടെടുപ്പ് ബാക്കിയാണ്, അതിന് മുമ്പ് എക്‌സിറ്റ്‌പോള്‍ ഫലം പ്രഖ്യാപിച്ചത് പെരുമാറ്റ ചട്ടലംഘനം; ഇന്ത്യാ ടുഡേ ചാനലിനെ വലിച്ചൊട്ടിച്ച് അര്‍ണബ് ഗോസാമി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ട ഇന്ത്യാ ടുഡേയെ വിമര്‍ശിച്ച് റിപ്പബ്ലിക് ചാനല്‍ ഹെഡ് അര്‍ണബ് ഗോസ്വാമി രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇന്ത്യയില്‍ ബിജെപിക്ക് കനത്ത തോല്‍വി ആയിരിക്കും എന്നായിരുന്നു ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. എക്‌സിറ്റ് പോള്‍ എന്ന പേരില്‍ ചാനല്‍ പുറത്ത് വിട്ടത് വ്യാജ വാര്‍ത്തയണെന്നും കള്ള പോളാണ് പുറത്ത് വിട്ടിരിക്കുന്നത് എന്നുമാണ് അര്‍ണബ് പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ ഇനിയും 59 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടു ചെയ്യാനുണ്ടെന്നിരിക്കെ, എക്സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് തൂക്കുസഭയുണ്ടാകുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വ്യാജ പോളല്ലേ, വ്യാജ ചാനലുകള്‍ പ്ലാന്റു ചെയ്യുന്ന വ്യാജ വാര്‍ത്തയല്ലേ.’ എന്നും അര്‍ണബ് ചോദിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തകര്‍ച്ച പ്രവചിക്കുന്നതായിരുന്നു വീഡിയോ. മെയ് 19ന് പുറത്തുവരുമെന്നറിയിച്ച എക്സിറ്റ് പോളിലെ ചെറിയ ഭാഗങ്ങള്‍ ലീക്കായെന്ന തരത്തിലായിരുന്നു ഇന്ത്യാ ടുഡേയുടെ വീഡിയോ പ്രചരിച്ചത്. ബിജെപിക്ക് 200ല്‍ താഴെ സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്.

എന്നാല്‍ ചോര്‍ന്നത് ഡമ്മി ഡാറ്റയാണെന്നാണ് ചാനലിന്റെ വിശദീകരണം. ‘ ആ ക്ലിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ ആകാംഷ ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. ആ വിവരങ്ങള്‍ക്കുവേണ്ടി ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇത് ഡമ്മി ഡാറ്റയുള്‍പ്പെടുത്തിയുള്ള പ്രമോയാണ്. യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കാത്തിരിക്കുക. മെയ് 19ന് നാലു മണിവരെ.’ എന്നാണ് ഇന്ത്യാ ടുഡേ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമപ്രകാരം അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായശേഷമേ എക്സിറ്റ് ഫലം പുറത്തുവിടാന്‍ പറ്റൂ. ഇതുപ്രകാരം അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ഞായറാഴ്ചയേ ഫലം പുറത്തുവിടാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യാ ടുഡേയുടെ നടപടി പെരുമാറ്റ ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Exit mobile version