ഹോംവര്‍ക്ക് ചെയ്തില്ല; ആറാംക്ലാസുകാരിക്ക് നല്‍കിയ ശിക്ഷ 168 അടി! തല്ലിച്ചത് സഹപാഠികളെ കൊണ്ട്, അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും പിതാവ് ആരോപിച്ചു.

ഝബുവ: ഹോംവര്‍ക്ക് പൂര്‍ത്തിയാക്കില്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരിക്ക് 168 അടി ശിക്ഷ വിധിച്ച് അധ്യാപകന്‍. മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ക്രൂരത കാണിച്ചത്. തല്ലിച്ചത് കുട്ടിയുടെ സഹപാഠികളെ കൊണ്ടാണ്. 14 സഹപാഠികള്‍ തുടര്‍ച്ചയായ ആറ് ദിവസം കൊണ്ടാണ് ശിക്ഷ നടപ്പാക്കിയത്. 14 പേരും ദിവസം രണ്ട് തവണ വീതമാണ് വിദ്യാര്‍ത്ഥിനിയെ തല്ലിയത്.

സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും പിതാവ് ആരോപിച്ചു. സംഭവത്തിനു ശേഷം സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചുവെന്നും പിതാവ് പറയുന്നു. അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കുറച്ച് ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. ശേഷം എത്തിയ പെണ്‍കുട്ടി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ല എന്ന് ആരോപിച്ച് കുട്ടിക്ക് ശിക്ഷ വിധിക്കുകയായിരുന്നു.

സംഭവത്തില്‍ അധ്യാപകനായ മനോജ് വര്‍മ്മ (35)യെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്റ് ചെയ്തു. പിന്നാലെ കുട്ടിയുടെ പിതാവ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും അധ്യാപകനെതിരെ പരാതി നല്‍കി. പിന്നാലെയാണ് അധ്യാപകന്‍ അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version