ജെറ്റ് എയര്‍വേസ് ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി എത്തിഹാദ് എയര്‍ലൈന്‍

സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടേണ്ടി വന്ന ജെറ്റ് എയര്‍വേസ് ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി പ്രമുഖ ഗള്‍ഫ് എയര്‍ലൈന്‍ സര്‍വീസായ എത്തിഹാദ്.

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടേണ്ടി വന്ന ജെറ്റ് എയര്‍വേസ്
ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി പ്രമുഖ ഗള്‍ഫ് എയര്‍ലൈന്‍ സര്‍വീസായ എത്തിഹാദ്. എന്നാല്‍ ജെറ്റ് എയര്‍വേസിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ തയ്യാറല്ലെന്ന് എത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ചില ഉപാധികള്‍ മുന്നോട്ട് വച്ച് കുറച്ച് ഓഹരികള്‍ കൂടി വാങ്ങാനാണ് എത്തിഹാദിന്റെ തീരമാനം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ അവസാനിപ്പിക്കുകയായിരുന്നു. കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാനാകില്ലെന്ന് എസ്ബിഐയും നിലപാട് എടുത്തു. ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം കണ്ടെത്തിയ വഴി കമ്പനി തന്നെ വില്‍ക്കുക എന്നതായിരുന്നു.

ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള മറ്റുബാധ്യതകളും കൂടി വരുമ്പോള്‍ ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇരുപതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരും. എത്തിഹാദ് ഉള്‍പ്പെടെ നാല് വന്‍കിട കമ്പനികളാണ് ജെറ്റ് എയര്‍വേസില്‍ നിക്ഷേപ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ജെറ്റ് എയര്‍വേസ് ഓഹരികള്‍ വാങ്ങാനായി വായ്പാദാതാക്കളായ ബാങ്കുകള്‍ അപേക്ഷ ക്ഷണിച്ചപ്പോഴാണ് സോപാധിക ഓഫറുമായി എത്തിഹാദ് രംഗത്തെത്തിയത്. ജെറ്റ് എയര്‍വേസില്‍ കുറച്ച് ഓഹരികള്‍ ഇപ്പോള്‍ തന്നെ എത്തിഹാദിന്റെ പേരിലുണ്ട്.

Exit mobile version