നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ, അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ല; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി

ശക്തവും നിര്‍ണ്ണായകവുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെയാണെന്നും പ്രതിപക്ഷ സഖ്യത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

‘ആറ് മാസം ഒരാളും അടുത്ത ആറ് മാസം മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യയ്ക്ക് വരരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ലയെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി ഓര്‍ത്ത് വോട്ട് ചെയ്താല്‍ മതിയെന്ന് നഖ്‌വി വ്യക്തമാക്കി. ശക്തവും നിര്‍ണ്ണായകവുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version