20 വര്‍ഷങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ കുപ്രസിദ്ധ തടി മോഷ്ടാവ് പിടിയില്‍

തെലങ്കാന, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാടുകളില്‍ യഥേഷ്ടം വിഹരിക്കുന്ന ശ്രീനവാസിനെ പെഡാപ്പള്ളി ജില്ലാ പോലീസാണ് അറസ്റ്റു ചെയ്തത്.

അമരാവതി: തെലങ്കാനയുടെ കുപ്രസിദ്ധ തടി മോഷ്ടാവ് 20 വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പിടിയില്‍. യെഡ്ല ശ്രീനിവാസ് എന്നയാളാണ് പിടിയിലായത്. തെലങ്കാന, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാടുകളില്‍ യഥേഷ്ടം വിഹരിക്കുന്ന ശ്രീനവാസിനെ പെഡാപ്പള്ളി ജില്ലാ പോലീസാണ് അറസ്റ്റു ചെയ്തത്.

കാടുകളില്‍ നിന്നും വന്‍ തോതില്‍ മരങ്ങള്‍ മോഷ്ടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ശ്രീനിവാസ് പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി സംരക്ഷിത വനമേഖലയിലെ മരങ്ങള്‍ കടത്തുന്ന ശ്രീനിവാസന്‍ പ്രധാനമായും തേക്കു തടിയാണ് മോഷ്ടിക്കാറുള്ളതെന്ന് പോലീസ് പറയുന്നു.

സംസ്ഥാനത്ത് കള്ളക്കടത്തിനായി വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ പോലീസിനും വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തെലങ്കാനയില്‍ മാത്രമായി ശ്രീനുവിനെതിരെ 20 കേസുകളാണുള്ളത്.

കള്ളക്കടത്തിനായി കാളവണ്ടി ഉപയോഗിച്ചാണ് ഇയാള്‍ പോലീസിന്റെ കണ്ണു വെട്ടിക്കാറ്. മരങ്ങള്‍ മുറിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താതിരിക്കാന്‍ കര്‍ഷകര്‍ക്കിടയിലും ഇടയര്‍ക്കിടയിലും ഭീതി വളര്‍ത്താനും ശ്രീനുവിന് സാധിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ തടിമില്‍ വ്യവസായശാലകളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും, ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പോലീസ് പറയുന്നു.

Exit mobile version