പത്രിക തള്ളിയത് അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി; മുന്‍ ജവാന്‍ തേജ് ബഹാദൂറിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെതിരെ മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയതിനെതിരയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൈന്യത്തില്‍ നിന്ന് പിരിച്ച് വിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാല്‍, ഉത്തരവ് സമര്‍പ്പിച്ചിരുന്നെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ വാദിക്കുന്നു.

അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നല്‍കിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

സൈന്യത്തിലെ അഴിമതി സാമൂഹ്യമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പിന്നീട് തീരുമാനം എടുക്കുകയായിരുന്നു.

ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് എസ്പി-ബിഎസ്പി സഖ്യം തേജ് ബഹദൂറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സൈന്യത്തെ മുന്‍നിര്‍ത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്ന മോഡിക്ക് അതേ രീതിയില്‍ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു മുന്‍ സൈനികനെ സഖ്യം സ്ഥാനാര്‍ത്ഥിയാക്കിയത്. ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ശാലിനി യാദവിന്റെ പത്രിക പിന്‍വലിച്ചായിരുന്നു തേജ് ബഹാദൂറിന് മഹാസഖ്യം സീറ്റ് നല്‍കിയത്.

Exit mobile version