സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോഡിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ല; രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന മോഡിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശത്തില്‍ നരേന്ദ്രമോഡിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. മോഡിക്ക് മോഡിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേല്‍ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും രാഹുല്‍ മോഡിയോടു പറഞ്ഞു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ മറുപടി.

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. എന്നാല്‍ സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോഡിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ലെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്ത് എത്തി. 1991 ല്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയെപ്പോലൊരാളെ അപമാനിക്കുക വഴി സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും മോഡി ലംഘിച്ചിരിക്കുന്നെന്ന് ചിദംബരം പറഞ്ഞു. താങ്കള്‍ക്ക് വായന എന്നൊരു ശീലമുണ്ടോയെന്നും ഇതുവരെ എന്തെങ്കിലും താങ്കള്‍ വായിച്ചിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു.

Exit mobile version