ഫോനി; മരണം 26 ആയി; 63 പേര്‍ക്ക് പരിക്ക്; ബംഗ്ലാദേശിലും കനത്ത നാശം

കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റില്‍ 26 മരിച്ചു. ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 6 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

അതെസമയം ബംഗാളിലേക്ക് പ്രവേശിച്ച കാറ്റിന് തീവ്രത കുറഞ്ഞിരുന്നു. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുത ബന്ധം താറുമാറായി. എന്നാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫോനി ബംഗ്ലാദേശിലും വന്‍നാശം വിതച്ചു. ഇതുവരെ 14 പേര്‍ മരിച്ചു.രാജ്യത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 12 ലക്ഷം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 500 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

കാറ്റിന്റെ ശക്തി കുറഞ്ഞതിനാല്‍ വന്‍ നാശം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഷംസുദ്ദീന്‍ അഹമ്മദ് പറഞ്ഞു.

ഭീതി ഒഴിഞ്ഞതിന് പിന്നാലെ അടച്ചിട്ട കൊല്‍ക്കത്ത വിമാനത്താവളം തുറന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ച ഒഡീഷയില്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

Exit mobile version