ആം ആദ്മിയുടെ ഏഴ് എംഎല്‍എമാര്‍ക്ക് പത്തുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തു; ഈ കുതിരക്കച്ചവടത്തിന് മോഡി മറുപടി പറയണം; ആരോപണവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മിയുടെ ഏഴ് എംഎല്‍എമാര്‍ക്ക് പത്തുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിലക്ക് വാങ്ങി കുതിരകച്ചവടം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി എംഎല്‍എമാരെ വിലയ്‌ക്കെടുത്തല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും കെജരിവാള്‍ പറഞ്ഞു. കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും മറുപടി പറയണമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തിലും ആംആദ്മി വിജയം നേടുമെന്നും ജനം വോട്ട് ചെയ്യുക ഡല്‍ഹിയുടെ വികസനത്തിനായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

Exit mobile version