സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന് പരാതി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു

ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന് പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു.

കന്നി വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്നാണ് മോഡി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. എന്നാല്‍ മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ചെന്നും ഇതിനെതിരെ കിട്ടിയ പരാതികള്‍ തള്ളുകയാണെന്നും കമ്മീഷന്‍ അറിയിച്ചു. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളികയും ചെയ്തു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആയിരുന്നു മോഡിയുടെ പരാമര്‍ശം.

ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരാമര്‍ശം. വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Exit mobile version