ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താന്‍ വിട്ടയച്ചു! ജയില്‍ കഴിഞ്ഞ 60 ഇന്ത്യക്കാരെ വിട്ടയച്ചു

ജയില്‍ കാലാവധി കഴിഞ്ഞവരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ഈമാസം ആദ്യം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. ഇതില്‍ 55 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ജയില്‍ കാലാവധി കഴിഞ്ഞവരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ഈമാസം ആദ്യം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയവരാണ് അറസ്റ്റിലായിരുന്നത്. ബാക്കി അഞ്ചുപേരെ വിസയോ മറ്റു രേഖകളോ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം തന്നെ ശിക്ഷാകാലാവധി കഴിഞ്ഞവരാണ്. അതില്‍ ചിലര്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിഞ്ഞവരാണ്.

അതേസമയം, ഇവരെ വാഗ അതിര്‍ത്തിയിലെത്തിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലായിരുന്നപ്പോള്‍ തന്റെ പാസ്പോര്‍ട്ടും വിസയും നഷ്ടപ്പെട്ടെന്നും അതറിയിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു സംഘത്തിലുള്ള വാഹിദ് ഖാന്‍ എഎന്‍ഐയോടു പറഞ്ഞു.

ഏപ്രില്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 300 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ വിട്ടയച്ചിരുന്നു.

Exit mobile version