നിങ്ങള്‍ കുല്‍ഫി തിന്നാറുണ്ടോ…? ട്രോളുകള്‍ക്ക് പിന്നാലെ മോഡി-അക്ഷയ് കുമാര്‍ അഭിമുഖത്തിന്റെ പാരഡിയും, വൈറലായി മിമിക്രി താരങ്ങളുടെ വീഡിയോ

മിമിക്രി താരങ്ങളായ ശ്യാം രംഗീലയും വികല്‍പ് മെഹ്തയും ചേര്‍ന്നാണ് പാരഡി ഇറക്കിയിട്ടുള്ളത്.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ അടുത്തിടെ നടത്തിയ അഭിമുഖം ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ജീവിതം തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോഴും ചിലവിന് അമ്മ പണം തരാറുണ്ടെന്ന വെളിപ്പെടുത്തല്‍ ആണ് ഏറെ ചര്‍ച്ചയായത്. ട്രോള്‍ മഴയായിരുന്നു ഈ പരാമര്‍ശത്തിന് ലഭിച്ചത്. കരിതേപ്പു പെട്ടി വെച്ചാണ് വസ്ത്രങ്ങള്‍ തേച്ചിരുന്നത്, ഉറക്കം വളരെ കുറച്ച് മാത്രമാണെന്ന് പറയുമ്പോള്‍ ഒബാമ എപ്പോഴും അതേ കുറിച്ച് പറയാറുണ്ടെന്ന് തുടങ്ങി നിരവധി വെളിപ്പെടുത്തലുകള്‍ ആണ് മോഡി നടത്തിയത്.

കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിയ്ക്ക് മധുരങ്ങളും കുര്‍ത്തയും നല്‍കാറുണ്ടെന്നും പറഞ്ഞിരുന്നു. ഇത്തരത്തില്‍ സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളുമാണ് മോഡി തുറന്ന് പറഞ്ഞത്. ഇതിനെയെല്ലാം ട്രോളി സോഷ്യല്‍മീഡിയ രംഗത്തുണ്ട്. ഇപ്പോള്‍ അഭിമുഖത്തിന്റെ പാരഡിയും ഇറങ്ങി കഴിഞ്ഞു. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മിമിക്രി താരങ്ങളായ ശ്യാം രംഗീലയും വികല്‍പ് മെഹ്തയും ചേര്‍ന്നാണ് പാരഡി ഇറക്കിയത്.

‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് നടന്ന സംഭാഷണ പരിപാടിയെ മോഡിയും അക്ഷയ് കുമാറുമായാണ് ഇരുവരും പുനരാവിഷ്‌കരിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിയെ അനുകരിച്ച് പ്രശസ്തനായ കലാകാരനാണ് ശ്യാം രംഗീല. യഥാര്‍ത്ഥ അഭിമുഖത്തില്‍ മോഡി മാങ്ങ കഴിക്കാറുണ്ടോയെന്ന് അക്ഷയ് കുമാര്‍ ചോദിക്കുന്നിടത്ത് നിങ്ങള്‍ കുല്‍ഫി തിന്നാറുണ്ടോയെന്ന് ചോദിച്ച് പരിഹസിക്കുകയാണ് വീഡിയോയില്‍. നേരത്തെ മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറും അഭിമുഖത്തെ പരിഹസിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു.

Exit mobile version