പശുവിന്റെ ചവിട്ടുകൊള്ളാന്‍ കിടന്നു കൊടുത്ത് ആളുകള്‍; വിചിത്ര ആചാരം ഐശ്വര്യം ലഭിക്കാന്‍!

സമീപപ്രദേശങ്ങളിലുള്ള മറ്റു ചില ഗ്രാമങ്ങളിലും ഈ ആചാരം പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭോപ്പാല്‍: വിചിത്രമായ ആചാരങ്ങളും അപകട സാധ്യതയേറിയതുമായ പല ആചാരങ്ങള്‍ നമുക്ക് ഇടയില്‍ ഉണ്ട്. സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും ആചാരം സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. അത്തരത്തിലൊരു വിചിത്ര ആചാരമാണ് ഇന്ന് മധ്യപ്രദേശിലെ ബീഡാവാഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാഗ്യം ലഭിക്കാന്‍ പശുക്കളുടെ ചവിട്ട് ഏല്‍ക്കുക എന്നതാണ് ഇവിടുത്തെ ആചാരം. ഉജ്ജയിനിക്കടുത്താണ് ബീഡാവാഡ് എന്ന ചെറുഗ്രാമം.

സമീപപ്രദേശങ്ങളിലുള്ള മറ്റു ചില ഗ്രാമങ്ങളിലും ഈ ആചാരം പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗായ്-ഗൗരിയെന്നാണ് ഈ ആഘോഷത്തെ വിളിക്കുന്നത്. പണ്ട് ഗ്രാമത്തിലുള്ള ഒരാള്‍ സന്താനലബ്ദിക്കായി പ്രാര്‍ത്ഥിക്കുകയും ഈ ആഘോഷത്തിന് ശേഷം ആഗ്രഹ പൂര്‍ത്തീകരണമുണ്ടായി എന്നുമാണ് പറയപ്പെടുന്നത്. പശുക്കള്‍ നിലത്ത് കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടിയോടുമ്പോള്‍ അവര്‍ പ്രാര്‍ത്ഥനയിലായിരിക്കും. അപകട സാധ്യത കൂടുതലാണെങ്കിലും ഈ ആചാരത്തില്‍ നിന്ന് ആരും പിന്തിരിയില്ല എന്നതാണ് അമ്പരപ്പിക്കുന്നത്.

പശു ചവിട്ടിയാല്‍ ഐശ്വര്യം ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. ഒരു കൂട്ടം ആളുകള്‍ നിലത്ത് കിടക്കും. ശേഷം പശുക്കളെ ഇവര്‍ക്കിടയിലേക്ക് അഴിച്ചുവിടും. പശുക്കളുടെ കൊമ്പുകളില്‍ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കിയാണ് ആഘോഷത്തിനായി എത്തിക്കുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടാകും. പശുക്കളുടെ ചവിട്ടേറ്റ് മുറിവു പറ്റിയാല്‍ അതിന് മരുന്നുമുണ്ട്. ഗോമൂത്രവും ചാണകവുമാണ് മുറിവില്‍ പുരട്ടുന്നത്. വളരെ ആഘോഷമായിട്ടാണ് ഈ ആചാരം ഗ്രാമവാസികള്‍ കൊണ്ടാടുന്നത്.

Exit mobile version