തൊഴിലുകള്‍ കുറഞ്ഞില്ല; നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു; നരേന്ദ്ര മോഡി

നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നതെന്നും, തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

വാരാണസി: രാജ്യത്തെ തൊഴിലില്ലായ്മക്ക് നോട്ട് നിരോധനം കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നതെന്നും, തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ഇടയില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് നോട്ട്് നിരോധനത്തിന് ശേഷം പിടിച്ചെടുത്തതെന്നും, 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കപ്പെട്ടുവെന്നും മോഡി വ്യക്തമാക്കി.

രാജ്യത്ത് കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍ തുടങ്ങി. നികുതി വരുമാനം കൂടിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ എതിരാളികള്‍ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോള്‍ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ അവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നു പോലും ഇല്ല. പക്ഷെ അവര്‍ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ്. കാരണം അവര്‍ക്ക് പലതും നഷ്ടപ്പെട്ടുവെന്നും മോഡി പറഞ്ഞു.

2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു ഇത്. അതേസമയം, നോട്ട് നിരോധനം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിച്ചു എന്നാണ് വിമര്‍ശകരുടെ ആരോപണം.

Exit mobile version