അംബാനിയുടെ പിന്തുണ ഇത്തവണയും മോഡിക്ക്; തെരഞ്ഞെടുപ്പ് റാലിയില്‍ ആനന്ദ് അംബാനി പങ്കെടുത്തു

കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ആനന്ദ് അംബാനി പങ്കെടുത്തു.

മുംബൈ: കോര്‍പ്പറേറ്റുകളുടെ സ്വന്തം ആളാണ് നരേന്ദ്ര മോഡിയെന്ന ആരോപണത്തിന് പിന്‍ബലമേകി മോഡിക്ക് പിന്തുണയുമായി മുകേഷ് അംബാനി ഗ്രൂപ്പ്. മകന്‍ ആനന്ദ് അംബാനിയെ രംഗത്തിറക്കിയാണ് മുകേഷ് മോഡിക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ആനന്ദ് അംബാനി പങ്കെടുത്തു.

വേദിയിലെ ആദ്യത്തെ നിരയില്‍ തന്നെയായിരുന്നു ആനന്ദ് അംബാനി സ്ഥാനം പിടിച്ചത്. മോഡിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു ആനന്ദ് അംബാനിയുടെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പുറത്ത് വിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്. ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്തെത്തിയത്.

യുപിഎ ഭരണകാലത്ത് അംബാനിയുടെ ബിനാമിയെന്നറിയപ്പെട്ട ആളായിരുന്നു മിലിന്ദിന്റെ പിതാവും മുന്‍പെട്രോളിയം മന്ത്രിയുമായ മുരളി ദേവ്‌റ. അതിനാല്‍ മിലിന്ദിനെ കൈവിടാനും മുകേഷ് അംബാനിക്കാവില്ല. മിലിന്ദിനെ പിന്തുണച്ചതു വഴി ബിജെപിക്കും മോഡിക്കുമുണ്ടായ തെറ്റിദ്ധാരണ നീക്കാനാണ് മുകേഷ് മകനെ നേരിട്ട് റാലിക്കയച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version