ആയുധം കടത്താന്‍ ശ്രമിച്ച തീവ്രവാദികളെ പിടികൂടി മര്‍ദ്ദിച്ച് ഗ്രാമീണര്‍

ഗുവഹാട്ടി: അയല്‍ ജില്ലയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് നാഗാ തീവ്രവാദികളെ ഗ്രാമീണര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇവരെ പോലീസിന് കൈമാറുന്നതിനിടെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കാലങ്ങളായി നാഗാ തീവ്രവാദികള്‍ ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൈമാറ്റം ചെയ്യാനുള്ള കേന്ദ്രമായി ഉപയോഗിക്കുന്ന സ്ഥലമാണ് അസമിലെ കച്ചര്‍ ജില്ലയിലെ ഹരിനഗര്‍ ഗ്രാമം. ഇവിടെ നിന്ന് ദിമ ഹസാവു ജില്ലയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

രാവിലെ മുളങ്കാടുകളുടെ മറവില്‍വച്ച് ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ ഗ്രാമീണര്‍ വളയുകയായിരുന്നു. ഇവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രണ്ട് തീവ്രവാദികളെ കീഴടക്കി. മറ്റുള്ള രണ്ടുപേര്‍ സംഘര്‍ഷത്തിനിടെ ഓടി രക്ഷപ്പെട്ടു.

പോലീസുകാര്‍ എത്തുമ്പോഴേക്ക് ഗ്രാമീണര്‍ ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. പോലീസുകാര്‍ ഉടന്‍ സമീപത്തെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ അത്യാസന്ന നിലയിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

12 ബോര്‍ സിങ്കിള്‍ ബാരല്‍ റൈഫിള്‍, മൂന്ന് എകെ 56 റൈഫിളുകള്‍, ചൈനീസ് എല്‍എംജി റൈഫിള്‍, രണ്ട് 5.56 എംഎം റൈഫിള്‍, 22 പിസ്റ്റള്‍, 308 റൗണ്ട് ബുള്ളറ്റുകള്‍, ഗ്രനേഡുകള്‍ എന്നിവയൊക്കെ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version