ആഗോളവിപണിയില്‍ എണ്ണവില കുതിക്കുന്നു; തിരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ എണ്ണവില കുതിക്കുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നത്തെ നിരക്ക് 73.88 ഡോളറാണ്. ബാരലിന് കഴിഞ്ഞ ദിവസത്തെ നിരക്ക് 74.35 ഡോളറായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് 75 ഡോളറിലേക്ക് അടുത്തതോടെ ആശങ്ക വര്‍ധിക്കുകയാണ്.

ഇപ്പോഴും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ്. എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയത് ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ഉണ്ടായിരുന്ന ഇളവ് എടുത്തുകളയുമെന്ന വാര്‍ത്ത വന്നതോടെയാണ്. അമേരിക്ക ഇറാനെ മെയ് രണ്ടോടെ പൂര്‍ണമായി ഉപരോധിക്കാനാണ് പദ്ധതിയിടുന്നത്. 44 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഇതുവരെ വിലയില്‍ ഉണ്ടായത്.

അമേരിക്ക നല്‍കുന്ന സൂചന ഈ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ്. യുഎസിന്റെ നിലപാട് സൗദി, യുഎഇ, അമേരിക്ക തുടങ്ങിയവ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരില്ലെന്നുമാണ്. ഇന്ത്യ ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇന്ത്യ ഇറാനില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.

Exit mobile version