ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; അന്വേഷണ സമിതി ചതിക്കുമെന്ന് ആശങ്ക, വിശ്വാസമില്ല, പരാതിക്കാരി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരേയുള്ള ലൈംഗിക ആരോപണത്തില്‍ പുതിയ വാദവുമായി യുവതി രംഗത്ത്. കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്നാണ് പരാതിക്കാരി പറഞ്ഞത്. ജഡ്ജിമാര്‍ അടങ്ങുന്ന മൂന്നംഗ സമിതിക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവത്കരിക്കണം.

പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ എസ്എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നല്‍കിയിരിക്കുന്നത്.

അന്വേഷണ സംഘം തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പരാതി ഏകപക്ഷീയമായി തള്ളുമോ എന്നതിലാണ് ആശങ്ക. തന്റെ ഭാഗം കേള്‍ക്കാതെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട പ്രത്യേക സിറ്റിങില്‍ സ്വഭാവഹത്യ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. മുതിര്‍ന്ന ജഡ്ജിമാരും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയടക്കമുള്ളവരും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി.

സമിതിയിലുള്‍പ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ്. അദ്ദേഹം സമിതിയില്‍ ഉള്‍പ്പെട്ടതിലും തനിക്ക് ആശങ്കയുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ ഒറ്റപ്പെടുത്തലും അവഗണനയും താന്‍ നേരിടുന്നതായും പരാതിക്കാരി പറയുന്നു.

Exit mobile version