പോക്കറ്റില്‍ കിടന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ! യുവാവിന് ഗുരുതര പരിക്ക്

പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്.

ബംഗളൂരു: ബൈക്കില്‍ സഞ്ചരിക്കവെ പോക്കറ്റില്‍ കിടന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. വോട്ടു ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം. ബംഗളൂരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് ഗുരുതര പൊള്ളല്‍ ഏറ്റത്.

പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബൈക്കില്‍ നിന്ന് വീണതിന്റെ പരിക്കുകള്‍ വേറെയുണ്ട്. ഫോണ്‍ പൊട്ടിത്തെറിച്ച ഉടനെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

15,249 രൂപയ്ക്ക് ഹൊസ്‌കോട്ടയിലെ കടയില്‍ നിന്നും വാങ്ങിയതാണ് ഫോണ്‍. ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മൊബൈല്‍ കമ്പനിക്കും വിതരണക്കാരനുമെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 17-ാം തീയതിയാണ് ഗംഗാധര്‍ മൊബൈല്‍ വാങ്ങിയത്.

Exit mobile version