തലയിലൂടെ കമ്പി തുളഞ്ഞ് കയറി; ബോധം മറയാതെ സംസാരിച്ച് ആശുപത്രിയിലെത്തി! മെഡിക്കല്‍ സയന്‍സിനെയും ഞെട്ടിച്ച് സഞ്ജയ്

കയറില്‍ തൂങ്ങി, കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

ഭോപ്പാല്‍: തയിലൂടെ കമ്പി തുളഞ്ഞ് കയറി ബോധം മറയാതെ സംസാരിച്ച് ആശുപത്രിയിലെത്തിയ 21കാരനായ സഞ്ജയ് എന്ന യുവാവ് ആണ് ഇന്ന് മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തുന്നത്. മധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് അപൂര്‍വ്വമായ സംഭവം. നിര്‍മ്മാണ തൊഴിലാളിയാണ് സഞ്ജയ്. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

കയറില്‍ തൂങ്ങി, കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തി. ഒപ്പമുണ്ടായിരുന്നവരാണ് സഞ്ജയെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴും സഞ്ജയ്യുടെ ബോധം നശിച്ചിരുന്നില്ല. നാഗ്പൂരിലുള്ള വലിയ ആശുപത്രിയില്‍ സഞ്ജയ്യെ പ്രവേശിപ്പിച്ചു. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളില്‍ ഒന്നിലും തട്ടാതെയാണ് കമ്പി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടതും ഇതുകൊണ്ടാണെന്ന് ഡോക്ടറുമാര്‍ അത്ഭുതത്തോടെ പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കമ്പി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ജയ് സുഖം പ്രാപിച്ച് വരികയാണ്.

Exit mobile version