തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദ്യം; ഇംഗ്ലീഷില്‍ കസറി കൂലിപ്പണിക്കാരന്‍, ഞെട്ടിത്തരിച്ച് റിപ്പോര്‍ട്ടര്‍! വീഡിയോ വൈറല്‍

ദിവസവും ജോലി കണ്ടെത്താന്‍ ആകുന്നില്ല, ഇതോടെ മുട്ടുന്നത് അന്നവുമാണ്, ഭക്ഷണം കഴിക്കാതെയാണ് കുടുംബം ഉറങ്ങുന്നത് പോലുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ന്യൂഡല്‍ഹി: അനശ്വര നടനായ ജയന്റെ അങ്ങാടി എന്ന ചിത്രം ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. കൂലിപ്പണിക്കാരനായ ജയന്‍ ഇംഗ്ലീഷില്‍ കസറിയത് പ്രേക്ഷകരില്‍ ആവേശം കൊള്ളിച്ച ഒന്നാണ്. ഇന്ന് അതേ രംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. ചിത്രത്തില്‍ അല്ല, മറിച്ച് കൂലിപ്പണിക്കാരന്റെ ജീവിതത്തില്‍. തെരഞ്ഞെടുപ്പിനെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞ് ഞെട്ടിച്ച കൂലിപ്പണിക്കാരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കൂലിപ്പണിക്കാരനാണ് ഇദ്ദേഹം. ഞെട്ടിക്കുന്നത് മറ്റൊന്നാണ്. ഭഗല്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി എടുത്ത വ്യക്തിയാണ് ഇദ്ദേഹം. ജോലി ഇല്ലായ്മയാണ് കൂലിപ്പണിക്കാരനിലേയ്ക്ക് എത്തിച്ചത്. തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആദ്യം ചോദ്യം ഹിന്ദിയില്‍ ആയിരുന്നു. പിന്നീടങ്ങോട്ട് ഇംഗ്ലീഷ് ഒഴുകിയെത്തുകയായിരുന്നു. മോഡി സര്‍ക്കാരിനെതിരെയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ‘എനിക്ക് ജോലി ചെയ്യണം, മോഡിയോട് പറയാനുള്ളത് എന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം’ എന്നു മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

ജോലികള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി നാളിത്രയായിട്ടും ജോലി സൃഷ്ടിക്കുന്നതില്‍ യാതൊന്നും ചെയ്തില്ല, ഇപ്പോള്‍ ദിവസ ജോലി പോലും കണ്ടെത്താന്‍ പോലും വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസവും ജോലി കണ്ടെത്താന്‍ ആകുന്നില്ല, ഇതോടെ മുട്ടുന്നത് അന്നവുമാണ്, ഭക്ഷണം കഴിക്കാതെയാണ് കുടുംബം ഉറങ്ങുന്നത് പോലുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇതുവരെ എന്ത് ജോലിയാണ് മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്തും മോഡിയുടെ കാലത്തും മാറ്റമില്ലാത്ത ഒന്നാണ് തൊഴിലില്ലായ്മയെന്നും അദ്ദേഹം പറയുന്നുണ്ട്. ജോലി ഇല്ലാതെ ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും…? ഈ ചോദ്യം പല ആവര്‍ത്തി ചോദിച്ചു കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version