തെരഞ്ഞെടുപ്പ് ബോണ്ടുകളോട് എതിര്‍പ്പ് ഇല്ല; ബോണ്ടുകളിലെ രഹസ്യാത്മകതയെ ആണ് എതിര്‍ക്കുന്നത്; വിഷയത്തില്‍ മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ബോണ്ടുകളോട് എതിര്‍പ്പ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ബോണ്ടുകളിലെ രഹസ്യാത്മകതയെ ആണ് എതിര്‍ക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബോണ്ടുകളോട് എതിര്‍പ്പ് ഇല്ല. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി ബോണ്ടിലൂടെ സംഭാവന നല്‍കുന്നവരെ കുറിച്ച് ഉള്ള വിവരങ്ങള്‍ പരസ്യ പെടുത്തിയാല്‍ മതിയെന്ന് കമ്മീഷന്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തെരെഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ തെരഞ്ഞെടുപ്പ് ബോണ്ടുകളെ എതിര്‍ത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്.

ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് ബോണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിതതുകയ്ക്കുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. പാര്‍ട്ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ട്രല്‍ ബോണ്ടുകളും വാങ്ങാം.ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും പറയേണ്ടതില്ല.

2017ലെ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപയ്ക്കു മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പകരമായാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പ്രഖ്യാപിച്ചത്.

Exit mobile version