‘വയനാട് ഇന്ത്യയിലോ പാകിസ്താനിലോ’ ! വിവാദ പരാമര്‍ശവുമായി അമിത് ഷാ

വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്നാണ് അമിത് ഷാ പറഞ്ഞത്.

നാഗ്പുര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ ബിജെപി നേതാക്കള്‍ നടത്തിവന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടരുന്നു. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിക്കുന്നു.

ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഃഖത്തിലായി എന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അതേസമയം, വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു ആദിത്യനാഥിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ചും, ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടും ബിജെപി നേതാവ് യോഗി രംഗത്ത് വന്നിരുന്നു.

മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അത്. അന്ന് ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

Exit mobile version