ആദ്യ ശ്രമം, നേടിയത് അഞ്ചാം റാങ്ക്! സിവില്‍ സര്‍വീസില്‍ വനിതകളില്‍ ഒന്നാം റാങ്ക് നേടി സൃഷ്ടി ജയന്ത്, നേട്ടത്തിനു പിന്നിലെ രഹസ്യം

ഭോപ്പാലിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ കെമിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദം നേടിയ ശേഷമായിരുന്നു സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേയ്ക്ക് തിരിഞ്ഞത്.

ഭോപ്പാല്‍: ഇത്തവണ സിവില്‍ സര്‍വീസില്‍ 759 പേരാണ് യോഗ്യത നേടിയത് ഇതില്‍ 577 പുരുഷന്മാരും 182 യുവതികളുമാണ്. 182 യുവതികളില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത് ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് (23) ദേശ്മുഖ് ആണ്. അഞ്ചാം സ്ഥാനമാണ് സൃഷ്ടി സ്വന്തമാക്കിയത്. അഞ്ചാം റാങ്ക് സ്വന്തമാക്കിയത് ആകട്ടെ ആദ്യ ശ്രമത്തിലും. ഇതോടെ സൃഷ്ടിക്ക് അഭിനന്ദനപ്രവാഹമാണ്. ഇപ്പോള്‍ തന്റെ നേട്ടത്തിനു പിന്നിലെ രഹസ്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍.

ഭോപ്പാലിലെ സ്വകാര്യ എഞ്ചിനീയറിങ്‌ കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമായിരുന്നു സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേയ്ക്ക് തിരിഞ്ഞത്. പരിശീലനം തുടങ്ങുന്നതിന് മുമ്പ് ചില തയ്യാറെടുപ്പുകള്‍ സൃഷ്ടി നടത്തിയിരുന്നു. ആദ്യം തന്നെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസുകള്‍ക്കൊപ്പം മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും പരീശീലിച്ചു. ഇന്റര്‍നെറ്റ് പാടെ ഉപേക്ഷിച്ചില്ല, ഉപയോഗിച്ചു പഠനാവശ്യത്തിന് മാത്രം.

പരീക്ഷയ്ക്ക് ഐച്ഛിക വിഷയമായി സോഷ്യോളജി ആയിരുന്നു തെരഞ്ഞെടുത്തത്. കോച്ചിങ് ക്ലാസുകള്‍ക്കൊപ്പം തന്നെ ഇത്തരത്തിലുള്ള പഠനങ്ങളും മുന്‍കരുതലുകളും സഹായിച്ചിരുന്നു. എല്ലാ ദിവസവും 6-7 മണിക്കൂര്‍ വരെ പഠനത്തിനായി മാറ്റിവെയ്ക്കാനും സൃഷ്ടി മറന്നില്ല. സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്നു. യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ട്. തന്റെ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കുടുംബത്തിന് നല്‍കുന്നു. അവരാണെനിക്ക് വഴികാട്ടിയായത്- സൃഷ്ടി പറയുന്നു. അച്ഛന്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍, അധ്യാപികയായ അമ്മ മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൃഷ്ടിയുടെ കൊച്ചു കുടുംബം.

Exit mobile version