വീട്ടില്‍ മാതൃകാ ദമ്പതികള്‍; പുറത്ത് രാഷ്ട്രീയ എതിരാളികള്‍! രാഷ്ട്രീയ നിരീക്ഷകര്‍ക്കും അണികള്‍ക്കും വേറിട്ട കാഴ്ചയായി ഇവരുടെ ജീവിതം

ഇപ്പോള്‍ ബിജെപി പാളയത്തിലാണ് പുരന്ദേശ്വരി.

ഹൈദരാബാദ്: വീടിന്റെ മതില്‍കെട്ട് കടന്നാല്‍ പരസ്പരം സ്‌നേഹിക്കുന്ന, വിട്ടുവീഴ്ചകള്‍ ചെയ്യുന്ന ഭാര്യാ-ഭര്‍ത്താക്കന്മാരാണ് ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനും വിഖ്യാതനടനുമായിരുന്ന എന്‍ടി രാമറാവുവിന്റെ മകള്‍ പുരന്ദേശ്വരിയും ഭര്‍ത്താവ് ഡോ. വെങ്കിടേശ്വര റാവുവും. പക്ഷേ ആ വേലിക്കെട്ടുകള്‍ കടന്നാല്‍ പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ എതിരാളികളായി മാറുകയും ചെയ്യും. ഇവരുടെ വിചിത്ര വേഷത്തില്‍ പലരും അന്ധാളിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകര്‍ക്കും അണികള്‍ക്കും വേറിട്ട കാഴ്ചയാണ് ഇവരുടെ ഈ രീതി.

ഇപ്പോള്‍ ബിജെപി പാളയത്തിലാണ് പുരന്ദേശ്വരി. വിശാഖപട്ടണം ലോക്സഭാമണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയാണ് ഇവര്‍. മുന്‍കേന്ദ്രമന്ത്രി കൂടിയാണ്. ഭര്‍ത്താവ് ദഗ്ഗുബാട്ടി വെങ്കിടേശ്വര റാവു ഒരു ഡോക്ടറാണ്. എന്നാല്‍ ചന്ദ്രബാബു നായിഡുവിനൊപ്പം എന്‍ടിആര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കൂടിയായിരുന്നു. എന്നാല്‍ നായിഡു പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ തഴയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് കുറെനാള്‍ രാഷ്ട്രീയ വനവാസത്തിലുമായിരുന്നു. ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് പ്രവര്‍ത്തനം. ഇക്കുറി ജന്മദേശമായ പരച്ചൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നുമുണ്ട്.

ആന്ധ്രയിലെ രാഷ്ട്രീയച്ചൂടില്‍ ഇരുവര്‍ക്കും ഒരു പൊതു ശത്രു ഉണ്ട്, അതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പുരന്ദേശ്വരിയുടെ സഹോദരി ഭുവനേശ്വരിയുടെ ഭര്‍ത്താവ് കൂടിയാണ് അദ്ദേഹം. വീട്ടില്‍ ഇരു പാര്‍ട്ടികളുടെയും പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരും അനുയായികളും പുലര്‍ച്ചെ തന്നെ എത്തും. ഒന്നിച്ചുള്ള പ്രഭാതഭക്ഷണം കഴിഞ്ഞ് ഇരുകൂട്ടരും തങ്ങളുടെ നേതാക്കളുടെ പ്രചാരണത്തിനായി രണ്ട് വഴിക്കു പിരിയും. 2009ല്‍ വിശാഖപട്ടണത്തുനിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് പുരന്ദേശ്വരി ആദ്യമായി ലോക്സഭയിലെത്തുന്നത്.

2004-ല്‍ ഇവര്‍ ബാപട്ലയില്‍നിന്ന് ജയിച്ചുകയറി. കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 2014-ല്‍ പടലപ്പിണക്കത്തെത്തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ഭര്‍ത്താവ് ഡോ. വെങ്കിടേശ്വര റാവു 1984 മുതല്‍ 2009 വരെ ടിഡിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി അഞ്ച് പ്രാവശ്യം പ്രകാശം ജില്ലയിലെ പര്‍ചുരില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്. മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-’96-ല്‍ ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് പുത്രന്‍ ഹിതേഷിനോടൊപ്പം അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹിതേഷിന് പര്‍ച്ചുര്‍ നിയമസഭാടിക്കറ്റാണ് ഇദ്ദേഹം അവശ്യപ്പെട്ടത്.

Exit mobile version