‘ചന്ദ്രബാബു നായിഡു അവസരവാദി’; ഏത് പാര്‍ട്ടിയെ പരിഗണിച്ചാലും ടിഡിപിയെ മുന്നണിയിലെടുക്കില്ലെന്ന് അമിത് ഷാ

'നായിഡുവിനെപ്പോലെ വലിയൊരു അവസരവാദിയില്ല.തരത്തിനനുസരിച്ചു നിറം മാറുന്നയാളാണു നായിഡു. ഇക്കാലയളവിനുള്ളില്‍ സ്വന്തം മകനെ പിന്‍ഗാമിയാക്കുന്നതു മാത്രമാണു നായിഡു ചെയ്ത ഏകകാര്യം. മോഡിയുടെ പിന്തുണയില്ലാതെ ഏതെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ?'

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരെ കടുത്ത ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എന്‍ ചന്ദ്രബാബു നായിഡുവിനെതിരെ ആരോപണം ഉന്നയിച്ചത്.

‘നായിഡുവിനെപ്പോലെ വലിയൊരു അവസരവാദിയില്ല.തരത്തിനനുസരിച്ചു നിറം മാറുന്നയാളാണു നായിഡു. ഇക്കാലയളവിനുള്ളില്‍ സ്വന്തം മകനെ പിന്‍ഗാമിയാക്കുന്നതു മാത്രമാണു നായിഡു ചെയ്ത ഏകകാര്യം. മോഡിയുടെ പിന്തുണയില്ലാതെ ഏതെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ?’- ഷാ ചോദിച്ചു. സംസ്ഥാനത്ത് ടിഡിപിയുടെ നാളുകള്‍് എണ്ണപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നായിഡുവിന്റെ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ എന്‍ടി രാമറാവുവിന്റെ ടിഡിപിയുടെ ഭാഗമായി. അവസരവാദപരമായ നീക്കത്തിലൂടെ രാമറാവുവിനെ പിന്നിലാക്കി പാര്‍ട്ടിയുടെ നേതൃത്വം ചന്ദ്രബാബു ഏറ്റെടുക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

തെലങ്കാനയിലെ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പായി എന്‍ഡിഎ വിട്ട് നായിഡു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിലൂടെ ജനങ്ങളെ ഒരിക്കല്‍ കൂടി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. അധികകാലം കോണ്‍ഗ്രസിന്റെ ഭാഗമായി നായിഡു തുടരില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തും. മറ്റു പാര്‍ട്ടികളെ പരിഗണിച്ചാലും ടിഡിപിയെ മുന്നണിയിലെടുക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

Exit mobile version