യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി; കൊഴുപ്പിക്കാന്‍ എത്തിയത് ദാദ്രി കൊലപാതകത്തിലെ മുഖ്യ പ്രതിയും കൂട്ടാളികളും! വിവാദം

റാലിയില്‍ 'യോഗി, യോഗി' എന്ന് ആര്‍ത്തുല്ലസിച്ച് വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു കഴിഞ്ഞു.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കുചേര്‍ന്ന് പ്രചാരണം കൊഴുപ്പിച്ച് ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതിയും കൂട്ടാളികളും. ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതിയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന 16ഓളം പ്രതികളുമാണ് ഞായറാഴ്ച ബിസാര ഗ്രാമത്തില്‍ നടന്ന യോഗിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയത്.

റാലിയില്‍ ‘യോഗി, യോഗി’ എന്ന് ആര്‍ത്തുല്ലസിച്ച് വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു കഴിഞ്ഞു. ഇതോടെയാണ് പ്രതികളുമായുള്ള സര്‍ക്കാരിന്റെ സമ്പര്‍ക്കം പുറത്ത് വരുന്നത്. വലിയ വിവാദങ്ങളിലേയ്ക്കാണ് ഇപ്പോള്‍ കൂപ്പു കുത്തിയിരിക്കുന്നത്. ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതിയായ വിശാല്‍ റാണയാണ് റാലിയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ബാക്കി 16 പ്രതികളും ഭാരത് മാതാ കി ജയ് ആര്‍ത്തു വിളിച്ച് ചുറ്റിനുമുണ്ട്.

നിലവില്‍ സംഭവത്തില്‍ 17 പ്രതികളും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. 2015 സെപ്തംബര്‍ 28നാണ് ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച് ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ പശുവിറച്ചി കടത്തിയെന്നാരോപിച്ച് മുസ്ലീമായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപപെടുത്തിയത്. മുഹമ്മദ് അഖ്‌ലക്ക് എന്ന ആളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും കൂട്ടാക്രമണത്തിന്റെ ഇരയാവുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ അഖ്‌ലാക്കിന്റെ കൈയ്യില്‍ പശുവിറച്ചി ഉണ്ടെന്ന് വിശാല്‍ വിളിച്ചുപറയുകയായിരുന്നുവെന്ന് പോലീസ് ചാര്‍ജ് ഷീറ്റില്‍ പറയുന്നു. സംഭവം ഏതായാലും വലിയ വിവാദത്തിലാണ് കലാശിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

Exit mobile version