പാകിസ്താന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ മസൂദ് അസറിനെ ആദ്യം വിട്ടുതരണം; സുഷമാ സ്വരാജ്

പാകിസ്താന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടുതരണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

ന്യൂഡല്‍ഹി: ബാലാകോട്ടിലെ തീവ്രവാദകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതിനെ അപലപിച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടുതരണമെന്നും സുഷമ സ്വരാജ് പറഞ്ഞു. മോഡി സര്‍ക്കാരിന്റെ വിദേശ നയങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

ജയ്ഷെ മുഹമ്മദിനു വേണ്ടി പാകിസ്താന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം. ജയ്ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വെച്ചുപൊറുപ്പിക്കുക മാത്രമല്ല, ഭീകരവാദ ക്യാമ്പുകള്‍ തുടച്ച് നീക്കുന്നതിന് പകരം അവര്‍ക്ക് ഫണ്ട് ചെയ്യുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോള്‍ അവര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു. ഇമ്രാന്‍ഖാന്‍ ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കില്‍ ആദ്യം മസൂദ് അന്‍സറിനെ വിട്ടു തരട്ടെ, സുഷമ സ്വരാജ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ ഐഎസ്ഐയും പാക് സൈന്യവുമാണ്. ഇതിനെ പാകിസ്താന്‍ നിയന്ത്രിക്കണം. എന്തിനാണ് ജയ്ഷെ ഭീകര്‍ക്കായി പാക് സൈന്യം ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചത്, സുഷമ ചോദിക്കുന്നു. മോഡി സര്‍ക്കാരിന്റെ വിദേശനയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സുഷമ പാകിസ്താനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Exit mobile version