മൈക്രോസോഫ്റ്റ് എക്‌സല്‍ സര്‍ഫ് എക്‌സലിന്റെ പാര്‍ട്ണര്‍ എന്ന തെറ്റിദ്ധാരണ; വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കി സംഘപരിവാര്‍, ചതിച്ചത് ‘എക്‌സല്‍’ എന്ന ഒറ്റവാക്ക്

ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയാണ് മൈക്രോ സോഫ്റ്റ് എക്സലിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് എക്‌സല്‍ സര്‍ഫ് എക്സലിന്റെ പാര്‍ട്ണര്‍ ആണെന്ന തെറ്റിദ്ധാരണയില്‍ ആപ്ലിക്കേഷന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കി സംഘപരിവാര്‍ അനുകൂലികള്‍. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയാണ് മൈക്രോ സോഫ്റ്റ് എക്സലിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്.

‘സര്‍ഫ് എക്സലുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന് അറിയുന്നതുവരെ ഞാന്‍ ഈ ആപ്പ് ഉപയോഗിച്ചിരുന്നു. എന്നാല്‍ മതവിരുദ്ധമായ പരസ്യം ചെയ്തതിന് ശേഷം എക്സല്‍ എന്ന വാക്ക് എവിടെ കണ്ടാലും അത് ഒരു ഹിന്ദുവിരുദ്ധ അജഡയായിട്ടാണ് തോന്നുന്നത്. ഇങ്ങനെ ചെയ്യുന്ന നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു’. ‘സര്‍ഫ് എക്സല്‍ ബഹിഷ്‌ക്കരിക്കൂ. അത് ഹിന്ദു വിരുദ്ധമാണ്. നിങ്ങളുടെ കച്ചവടം പാകിസ്താനില്‍ ചെന്ന് നടത്തൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് എക്സല്‍ പേജിന് താഴെ വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സര്‍ഫ് എക്‌സലിന്റെ മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. ബോയ്‌ക്കോട്ട് സര്‍ഫ് എക്‌സല്‍ എന്ന ഹാഷ്ടാഗിലായിരുന്നു സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ വസ്ത്രത്തില്‍ ചായം പറ്റാതെ നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതായിരുന്നു പരസ്യം. ഇതിന് എതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയത്.

Exit mobile version