എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ട്; രാജ് താക്കറെ

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ഇതെന്നും രാജ്താക്കറെ പറഞ്ഞു.

മുംബൈ: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പുല്‍വാമ ചാവേറാക്രമണം പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എംഎന്‍എസ് നേതാവ് രാജ്താക്കറെ. തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ഇതെന്നും രാജ്താക്കറെ പറഞ്ഞു.

മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ 13ാമത് വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്താക്കറെയുടെ ഞെട്ടിക്കുന്ന വാക്കുകള്‍. പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ചു.

ഫെബ്രുവരി 26ന് ബാലാകോട്ട് വ്യോമാക്രമണത്തിന് റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കനത്ത പ്രഹരം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന പ്രസ്താവന ജവാന്മാരെ അപമാനിക്കുന്നതാണെന്നും രാജ്താക്കറെ പറഞ്ഞു. ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ തിരിച്ചയക്കുമായിരുന്നില്ല. കള്ളം പറയുന്നതിന് പരിധികളുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാണ് ഈ കള്ളങ്ങളെന്നും രാജ്താക്കറെ പറഞ്ഞു.

Exit mobile version