കര്‍ഷകരുടെ പട്ടിണി തീര്‍ക്കാതെ, 3000 കോടിയുടെ പ്രതിമ..! കേന്ദ്ര സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍

ഗുജറാത്ത്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമ എന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കാത്തിരിക്കുന്ന മോഡിസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍.

അടിയന്തര ഇടപെടല്‍ ആവശ്യമുള്ള കാര്‍ഷിക മേഖലയെ വകവെക്കാതെ സര്‍ക്കാര്‍ പ്രതിമ നിര്‍മാണത്തിനായി പണം ധൂര്‍ത്തടിക്കുന്നുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് കേന്ദ്രം 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചത്.

ഇന്ത്യയിലെ കാര്‍ഷിക രംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ആഗോള മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നത്. 2016ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലെ ഏറ്റവും ദാരിദ്ര്യമുള്ള, പോഷകാഹാര കുറവ് നേരിടുന്ന, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത നര്‍മദ ജില്ലയിലാണ് വന്‍ തോതില്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ പട്ടേല്‍ പ്രതിമാ പദ്ധതി. വിലയും വിളസംരക്ഷണവും ലഭിക്കാതെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അത് ഗൌനിക്കാതെ പ്രതിമ നിര്‍മാണത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നര്‍മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് ശരിയായ പുനരധിവാസം സാധ്യമാക്കിയില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പ്രതിമ അനാച്ഛാദന ദിവസമായ നാളെ പട്ടിണി സമരത്തിന് ഒരുങ്ങുകയാണ് വനവാസികള്‍. പ്രതിമക്ക് 430 മില്ല്യണ്‍ ഡോളര്‍ ആണ് ചെലവഴിച്ചത്. പ്രതിമക്കൊപ്പം ത്രീ സ്റ്റാര്‍ ഹോട്ടല്‍, ഗവേഷണ കേന്ദ്രം, മ്യൂസിയം എന്നിവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിമ ചെയ്യുന്നതോടുകൂടി ഒരു വര്‍ഷം രണ്ടര മില്ല്യണ്‍ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

Exit mobile version