‘കലാമിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ ഭൂമി നല്‍കും, എന്നാല്‍ തീവ്രവാദിയും അന്യദേശക്കാരനുമായ ബാബറിന്റെ പേരില്‍ വേണ്ട’; അയോധ്യയിലെ സന്യാസി

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയുന്നതിന് സ്ഥലം വിട്ടു നല്കാമെന്നും എന്നാല്‍ തീവ്രവാദിയും അന്യദേശക്കാരനുമായ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റേ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്നുമാണ് സന്യാസി പ്രതികരിച്ചത്

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കപരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി അയോധ്യയിലെ സന്യാസി രംഗത്ത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയുന്നതിന് സ്ഥലം വിട്ടു നല്കാമെന്നും എന്നാല്‍ തീവ്രവാദിയും അന്യദേശക്കാരനുമായ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റേ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്നുമാണ് സന്യാസി പ്രതികരിച്ചത്.

ബാബറിന്റെ പേരില്‍ അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും സന്യാസി വ്യക്തമാക്കി. മറിച്ച് കലാമിന്റെ പേരില്‍ ‘ഡോ എപിജെ അബ്ദുള്‍ കലാം മസ്ജിദ്’ എന്ന പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കും എന്ന് സന്യാസി പറഞ്ഞു.
അതിന് പുറമേ ബാബറി ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സന്യാസി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്ക് മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്എം ഖലീഫുള്ളയാണ് മൂന്നംഗ സമിതിയുടെ അധ്യക്ഷന്‍. ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Exit mobile version